Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Oceans Day

ഇ​ന്ന് ലോ​ക സ​മു​ദ്ര ദി​നം: പുതുയുഗ കേരളത്തിന് അനന്ത സാധ്യതകള്‍ തുറക്കുന്ന സമുദ്ര സമ്പദ് വ്യവസ്ഥ

ഇ​ന്ന് ലോ​ക സ​മു​ദ്ര ദി​നം. ന​മ്മ​ളാ​രും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്നൊ​രു ദി​നം. പ​ക്ഷേ, ഇ​ത്ത​വ​ണ അ​ങ്ങ​നെ​യ​ല്ല. പു​തു​യു​ഗ​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ന​യി​ക്കാ​ന്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന സ്വ​പ്‌​ന പ​ദ്ധ​തി​ക​ളി​ലൊ​ന്ന് സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സ​ര്‍​ക്കാ​രി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ്ര​ധാ​ന​മാ​യൊ​രു ദി​ന​മാ​ണി​ന്ന്.

600 കി​ലോ​മീ​റ്റ​ര്‍ ക​ട​ല്‍​ത്തീ​ര​മു​ള്ള സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​ത്. ര​ണ്ട് അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ങ്ങ​ളും ഒ​രു ക​ണ്ടെ​യ്ന​ര്‍ ടെ​ര്‍​മി​ന​ലും 17 ഇ​ട​ത്ത​രം തു​റ​മു​ഖ​ങ്ങ​ളു​മു​ണ്ട്. ഇ​തെ​ല്ലാം സം​യോ​ജി​പ്പി​ച്ച് കേ​ര​ള​ത്തെ ഒ​രു തു​റ​മു​ഖ ന​ഗ​ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന​ത് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന​മാ​ണ്. റോ​ഡി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ അ​ന്പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും ക​ട​ല്‍ വ​ഴി​യാ​ക്ക​ണം.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ക്രൂ​യി​സ് ഷി​പ്പിം​ഗും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ന​ദി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​ണ് ല​ക്ഷ്യം. കേ​ര​ളം ഒ​രു തു​റ​മു​ഖ ന​ഗ​ര​മാ​യി മാ​റു​മ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​നു തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​കും. ലോ​ക​ത്തി​ന്‍റെ ഹ​ബ്ബാ​യി അ​റി​യ​പ്പെ​ടു​ന്ന ദു​ബാ​യ് ന​ഗ​ര​ത്തി​ന്‍റെ ജി​ഡി​പി​യു​ടെ 28 ശ​ത​മാ​ന​മാ​ണ് തു​റ​മു​ഖ​ത്തി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണം. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണ് ന​മ്മു​ടെ ക​ട​ലും ക​ട​ല്‍​ത്തീ​ര​വും ന​മു​ക്കു മു​ന്നി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ജീ​വി​ത​ത്തി​നും ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും കാ​ലാ​വ​സ്ഥാ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്കും ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും സ​മു​ദ്ര​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന നി​ര്‍​ണാ​യ​ക പ​ങ്ക് ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​ദി​നാ​ച​ര​ണം. ലോ​ക​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ വ്യ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം മൂ​ന്നു ബി​ല്യ​ണി​ല​ധി​കം ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നം സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.

സ​മു​ദ്ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യും സ​മു​ദ്ര വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് ലോ​ക വ്യാ​പ​ക​മാ​യി സ​മു​ദ്ര ദി​നം ആ​ച​രി​ക്കു​ന്ന​ത്. 1992 ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ല്‍ ന​ട​ന്ന ഭൗ​മ ഉ​ച്ച​കോ​ടി സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​മു​ദ്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച ആ​ശ​യം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

2008ല്‍ ​ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ ലോ​ക സ​മു​ദ്ര ദി​നം ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു. 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ ആ​ച​രി​ക്ക​പ്പെ​ടു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത് വ​ള​ര്‍​ന്നു. സ​ര്‍​ക്കാ​രു​ക​ള്‍, ശാ​സ്ത്ര​ജ്ഞ​ര്‍, മാ​രി​ടൈം വ്യ​വ​സാ​യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍, തീ​ര​ദേ​ശ സ​മൂ​ഹ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം സ​മു​ദ്ര സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര വി​ഭ​വ മാ​നേ​ജ്‌​മെ​ന്‍റി​നു​മാ​യും ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ദി​യാ​ണ് ഈ ​ദി​നം.

“ന​മ്മെ നി​ല​നി​ര്‍​ത്തു​ന്ന​തി​നെ സം​ര​ക്ഷി​ക്കാം” എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ​മു​ദ്ര ദി​ന​ത്തി​ന്‍റെ ആ​ഗോ​ള പ്ര​മേ​യം. സ​മു​ദ്ര സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി, സു​സ്ഥി​ര സ​മു​ദ്ര സ​മ്പ​ദ് വ്യ​വ​സ്ഥ, സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, സ​മു​ദ്രാ​ധി​ഷ്ഠി​ത സു​സ്ഥി​ര വി​ക​സ​ന പ​രി​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ശ്ര​ദ്ധാ മേ​ഖ​ല​ക​ള്‍.

സ​മു​ദ്ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ ലോ​ക വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​ക​ളി​ലൊ​ന്നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥാ പ്ര​വ​ര്‍​ത്ത​നം, കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​യ്ക്ക​ല്‍, സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യം, സ​മു​ദ്ര സ​മ്പ​ദ് വ്യ​വ​സ്ഥ, സു​സ്ഥി​ര വ​ള​ര്‍​ച്ച, ഹ​രി​ത ക​പ്പ​ല്‍ ഗ​താ​ഗ​തം, കാ​ര്‍​ബ​ണ്‍ ര​ഹി​ത​വ​ത്ക​ര​ണം എ​ന്നി​വ​യ്ക്കാ​ണ് അ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ധാ​ന​മാ​യും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഹ​രി​ത തു​റ​മു​ഖ​ങ്ങ​ള്‍, സ്മാ​ര്‍​ട്ട് ഷി​പ്പിം​ഗ്, ഓ​ഫ്‌​ഷോ​ര്‍ ന​വീ​ന ഊ​ര്‍​ജ പ​ദ്ധ​തി​ക​ള്‍, സ​മു​ദ്ര നി​രീ​ക്ഷ​ണ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, ബ്ലൂ ​കാ​ര്‍​ബ​ണ്‍ സം​രം​ഭ​ങ്ങ​ള്‍, സു​സ്ഥി​ര അ​ക്വാ​ക​ള്‍​ച്ച​ര്‍ എ​ന്നി​വ​യൊ​ക്കെ ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ഗോ​ള​ത​ല​ത്തി​ലെ സാ​ധ്യ​ത​ക​ളാ​ണ്.

ഇ​ന്ത്യ​യു​ടെ സ​മു​ദ്ര ക​വാ​ട​മെ​ന്ന് കേ​ര​ള​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ച​രി​ത്ര​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും സ​മു​ദ്രാ​ധി​ഷ്ഠി​ത വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഭൂ​പ്ര​ദേ​ശ​മാ​ണി​ത്. സ​മ്പ​ന്ന​മാ​യ മ​ത്സ്യ​സ​മ്പ​ത്തും സ​മു​ദ്ര പൈ​തൃ​ക​വും അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ല്‍ ഗ​താ​ഗ​ത ബ​ന്ധ​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും ആ​ന്ത​രി​ക ജ​ല​ഗ​താ​ഗ​ത ശൃം​ഖ​ല​യു​മെ​ക്കെ ചേ​ര്‍​ന്ന് സ​മു​ദ്ര സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് എ​ന്തു​കൊ​ണ്ടും അ​നു​യോ​ജ്യ​മാ​ണ് ന​മ്മു​ടെ നാ​ട്.

17 നോ​ണ്‍ മേ​ജ​ര്‍ തു​റ​മു​ഖ​ങ്ങ​ള്‍, വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖം, കൊ​ച്ചി​ന്‍ തു​റ​മു​ഖം, കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡ്, നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ഹാ​ര്‍​ബ​റു​ക​ള്‍, മൂ​ന്ന് ദേ​ശീ​യ ജ​ല​പാ​ത​ക​ള്‍, ലോ​ക​പ്ര​ശ​സ്ത​മാ​യ തീ​ര​ദേ​ശ-​കാ​യ​ല്‍ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വ കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന സ​മു​ദ്ര ആ​സ്തി​ക​ളാ​ണ്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലു​ക​ള്‍​ക്കു​പോ​ലും പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​ഴ​ക്ക​ട​ല്‍ ട്രാ​ന്‍​സ്ഷി​പ്പ്‌​മെ​ന്‍റ് തു​റ​മു​ഖ​മാ​ണ്. ദ​ക്ഷി​ണേ​ഷ്യ​യി​ലെ മാ​തൃ​കാ​പ​ര​മാ​യ സു​സ്ഥി​ര തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​യാ​യി വി​ഴി​ഞ്ഞ​ത്തി​നു മാ​റാ​ന്‍ ക​ഴി​യും.

കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചാ​ല​ക ശ​ക്തി​യാ​യി തു​റ​മു​ഖ-​മാ​രി​ടൈം മേ​ഖ​ല​യെ മാ​റ്റ​ണം. ഇ​തി​നാ​യി സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​നം, അ​ക്വാ​ക​ള്‍​ച്ച​ര്‍, സ​മു​ദ്ര ജൈ​വ സാ​ങ്കേ​തി​ക വി​ദ്യ, സ​മു​ദ്രാ​ധി​ഷ്ഠി​ത ന​വീ​ന ഊ​ര്‍​ജം, ലോ​ജി​സ്റ്റി​ക്‌​സ്, ക​പ്പ​ല്‍ നി​ര്‍​മാ​ണം, തീ​ര​ദേ​ശ വി​നോ​ദ സ​ഞ്ചാ​രം, മാ​രി​ടൈം ക്ല​സ്റ്റ​റു​ക​ള്‍, ക​യ​റ്റു​മ​തി പ്രോ​സ​സിം​ഗ് മേ​ഖ​ല​ക​ള്‍ വെ​യ​ര്‍​ഹൗ​സിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, ഹ​രി​ത തു​റ​മു​ഖ​ങ്ങ​ള്‍, ശു​ദ്ധ ഇ​ന്ധ​ന​ങ്ങ​ള്‍, ക്രൂ​യി​സ് ടൂ​റി​സം, സ​മു​ദ്ര പൈ​തൃ​ക ടൂ​റി​സം, ഇ​ക്കോ ടൂ​റി​സം, സ​മു​ദ്ര വി​നോ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മാ​രി​ടൈം സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം സ​മു​ദ്ര മ​ലി​നീ​ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും തീ​ര ശോ​ഷ​ണ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും സ​മു​ദ്ര ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ​യും തീ​ര​ദേ​ശ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഈ ​വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്.

ലോ​ക സ​മു​ദ്ര ദി​നം ഒ​രു പ്ര​തീ​കാ​ത്മ​ക ആ​ഘോ​ഷം മാ​ത്ര​മ​ല്ല. ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തും കാ​ലാ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന​തും രാ​ഷ്‌​ട്ര​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തും സ​മു​ദ്ര​ങ്ങ​ളാ​ണെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ്. സ​മു​ദ്ര സം​ര​ക്ഷ​ണം ഒ​രു പ​രി​സ്ഥി​തി ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല, അ​ത് മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള നി​ക്ഷേ​പ​മാ​ണ്. സു​സ്ഥി​ര സ​മു​ദ്ര വി​ക​സ​ന​വും ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ സ​മു​ദ്ര ഭ​ര​ണ​വും സ​മു​ദ്ര സ​മ്പ​ദ് വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ങ്ങ​ളും സ​മു​ദ്ര സം​ര​ക്ഷ​ണ​വും വി​ക​സ​ന​ന​യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബി​ന്ദു​വാ​ക​ണം.

Latest News

Corehub Up